09:26pm 03 September 2026
NEWS
മുലംമ്പിള്ളി പാക്കേജ് പുനരധിവാസ സൈറ്റുകൾ ബലപ്പെടുത്തുവാൻ വകുപ്പുകൾ കൈകോർക്കുന്നു
03/09/2026  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുലംമ്പിള്ളി പാക്കേജ്  പുനരധിവാസ സൈറ്റുകൾ ബലപ്പെടുത്തുവാൻ വകുപ്പുകൾ കൈകോർക്കുന്നു

കൊച്ചി : വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്ക് വേണ്ടി 2008ൽ കുടിയൊഴിപ്പിക്കപ്പെട്ട  കുടുംബങ്ങൾക്ക് മൂലംമ്പിള്ളി പാക്കേജ് പ്രകാരം നിലവിൽ പുനരധിവാസത്തിനായി നൽകിയിട്ടുള്ള ചതുപ്പ് സമാനമായ മൂന്നു സൈറ്റുകൾ ബലപ്പെടുത്തുവാൻ പിഡബ്ല്യുഡി, കൊച്ചിൻ പോർട്ട് അതോറിറ്റി, കെഎംആർഎൽ, റവന്യൂ  വകുപ്പുകൾ  യോജിച്ച് പ്രവർത്തിക്കുവാനുള്ള നടപടികൾ ആരംഭിച്ചു. ഇന്നലെ (02/09/26) കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രാഥമിക ധാരണയായി. മുളവുകാട് പോലീസ് സ്റ്റേഷന് സമീപം കാട്ടാത്തുകടവ് (14 പ്ലോട്ടുകൾ, 76 സെൻറ്), കാക്കനാട് ഇന്ദിരാ നഗർ (118 പ്ലോട്ടുകൾ, 4.25 ഏക്കർ) തുതിയൂർ ആദർശ് നഗർ (56 പ്ലോട്ടുകൾ, 2.56 ഏക്കർ) എന്നീ സൈറ്റുകളാണ്  നിലവിൽ പോർട്ട് അതോറിറ്റി സൗജന്യമായി നൽകുന്ന മണൽ ഉപയോഗിച്ച് ബലപ്പെടുത്തുന്നത്. ₹3.50 കോടിയുടെ പ്രാഥമിക എസ്റ്റിമേറ്റ് പിഡബ്ല്യുഡി യോഗത്തിൽ അവതരിപ്പിച്ചു. നിലവിൽ കായലിൽ നിന്ന് ഖനനം ചെയ്തു പുതുവൈപ്പ് എൽഎൻജി ടെർമിനലിന് സമീപം  ശേഖരിച്ചിട്ടുള്ള മണൽ റോഡ് മുഖാന്തരം ആയിരിക്കും മൂന്ന് സൈറ്റുകളിൽ എത്തിക്കുന്നത് .  ഇതിനാവശ്യമായ പാസുകൾ റവന്യൂ അധികാരികൾ ജിയോളജി വകുപ്പിൽ നിന്ന്  സമ്പാദിക്കും. സൈറ്റുകളിൽ നിക്ഷേപിക്കുന്ന മണൽ കോംപാക്ട് (ബലപ്പെടുത്തൽ) ചെയ്യുവാൻ ആവശ്യമായ നടപടികൾ പിഡബ്ല്യുഡി സ്വീകരിക്കും എന്ന് യോഗം തീരുമാനിച്ചു. ബലപ്പെടുത്തലിന്റെ തോത് കെഎംആർഎൽ പരിശോധിച്ചു സാക്ഷ്യപ്പെടുത്തും. മൂന്നുമാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയും എന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. കഴിഞ്ഞ ജൂലായ് 31ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വൈപ്പിൻ എംഎൽഎ  ടോണി ചമ്മിണിയുടെ സാന്നിധ്യത്തിൽ കൂടിയ മൂലംപള്ളി പാക്കേജ് മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഭൂമി ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു ഉപസമിതിയെ  നിയോഗിച്ചത്.

എൽഎ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കണയന്നൂർ താലൂക്ക് തഹസിൽദാർ  പ്രീത എൻ ജോസ്, പിഡബ്ല്യുഡി ഇഇ സിന്റോ വി.പി, എഇ മർജീന ടി.ഐ, സിനോജ് ജോയ് പി, പോർട്ട് അതോറിറ്റിയുടെ എസ്ഇ മുനീബ് എം അൻസാരി, ഇഇ എം.പി എൽദോസ് , കെഎംആർഎല്ലിന്റെ വിനു സി കോശി, പോൾ സി കുര്യൻ, കോർഡിനേഷൻ കമ്മിറ്റിയുടെ  ഫ്രാൻസിസ് കളത്തുങ്കൽ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img